കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20 പോരാട്ടത്തിന്റെ രണ്ടാം സീസന്റെ താരലേലം അഞ്ചിന് നടക്കാനിരിക്കേ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്ത് വിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും ആലപ്പി റിപ്പിള്‍സും കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും നാല് താരങ്ങളെ വീതം നിലനിര്‍ത്തി. ട്രിവാണ്‍ഡ്രം റോയല്‍സ് മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്.
നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് ടീമുകള്‍ ആരെയും നിലനിര്‍ത്തിയില്ല.
ഏരീസ് കൊല്ലം സെയിലേഴ്സ്
സച്ചിന് ബേബി, എന്‍.എം. ഷറഫുദീന്‍, അഭിഷേക് ജെ. നായര്‍, ബിജു നാരായണന് എന്നിവരെ നിലനിര്‍ത്തി. സച്ചിന് 7.5ഉം ഷറഫുദീനെ അഞ്ച് ലക്ഷം രൂപയും നല്‍കിയാണ് നിലനിര്‍ത്തിയത്. അഭിഷേകിനും ബിജു നാരായണനും 1.5 ലക്ഷം വീതമാണ് ലഭിക്കുക.
ആലപ്പി റിപ്പിള്‍സ്
മുഹമ്മദ് അസറുദ്ദീന്, അക്ഷയ് ചന്ദ്രന്, വിഘ്നേഷ് പുത്തൂര്‍, ടി.കെ. അക്ഷയ് എന്നിവരെനിലനിര്ത്തി. അസറുദ്ദീനെ ഏഴര ലക്ഷം നല്കി നിലനിര്‍ത്തി. മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലില്‍ ശ്രദ്ധേയനായ വിഘ്നേഷ് പുത്തൂരിന് 3.75 ലക്ഷവും അക്ഷയ് ചന്ദ്രന് അഞ്ചു ലക്ഷവും, അക്ഷയ്ക്ക് 1.5 ലക്ഷവും നല്‍കിയാണ് നിലനിര്‍ത്തിയത്.
പ്രഥമ കെസിഎല്ലിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചൈനാമൻ സ്പിന്നറായ വിഘ്നേഷ് പുത്തൂരിനെ ഐപിഎൽ വമ്പന്മാരായ മുംബൈ ഇന്ത്യൻ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയായിരുന്നു മലപ്പുറം സ്വദേശിയായ വിഘ്നേഷിന്റെ അരങ്ങേറ്റം. കേരളത്തിനായി ഇതുവരെ സീനിയർ തലത്തിൽ അരങ്ങേറാൻ ഈ 24കാരന് അവസരം ലഭിച്ചിട്ടില്ല.
കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ്
രോഹന് കുന്നുമ്മല്‍, സല്മാന് നിസാര്‍, അഖില്‍ സ്കറിയ, അന്‍ഫല്‍ എന്നിവരെ നിലനിര്‍ത്തി. ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന് 7.5 ലക്ഷവും സല്മാന് നിസാറിന് അഞ്ച് ലക്ഷവും ചെലവഴിച്ചു. അഖില്‍ സ്കറിയയ്ക്ക് 3.75 ലക്ഷവും അന്‍ഫലിന് ഒന്നര ലക്ഷത്തിനും നല്കി നിലനിര്‍ത്തി.
ട്രിവാന്‍ഡ്രം റോയല്‍സ്
ഗോവിന്ദ് ദേവ് പൈ, എസ്. സുബിന്, ടി.എസ്. വിനില്‍ എന്നിവരെ നിലനിര്‍ത്തി. മൂവര്‍ക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക.
ഒരു ടീമിന് 50 ലക്ഷം രൂപയാണ് മുടക്കാൻ സാധിക്കുക. ഐപിഎൽ ലേലം നിയന്ത്രിച്ച ചരിത്രമുള്ള ചാരുശർമയാണ് കെസിഎൽ 2025 സീസൺ ലേലത്തിനു ചുക്കാൻ പിടിക്കുന്നതെന്നതും ശ്രദ്ധേയം.